
തിരുവനന്തപുരം: ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് . സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിർദേശം നൽകിയത്. ഡൽഹിയിൽ സമരം നടത്തിയ വിദ്യാർത്ഥികളെ "വെടിവെച്ച് കൊല്ലണം" എന്ന പരാമർശത്തിലാണ് അന്വേഷണം.
ടി.ജി. മോഹൻദാസിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ ഉൾപ്പെടെയുള്ള വിവിധ യുവജന-വിദ്യാർത്ഥി സംഘടനകളും പരാതികൾ നൽകിയിട്ടുണ്ട്. അതേസമയം, ടി.ജി. മോഹൻദാസിനെതിരെ ഇതുവരെ കേസെടുക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷ വിമർശനം ഉന്നയിച്ചു. വിയോജിപ്പുകളെ അടിച്ചമർത്തുകയും ഉന്മൂലനം ചെയ്യുകയും ചെയ്യുക എന്ന സംഘപരിവാർ സമീപനമാണ് ഇത്തരം പരാമർശങ്ങളിലൂടെ വെളിപ്പെടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
'ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിൽ സമാധാനപരമായി പ്രതിഷേധിച്ച ജനാധിപത്യ വിശ്വാസികൾക്കെതിരെ കേസെടുക്കാൻ തിടുക്കം കാണിച്ച കേരള പോലീസ്, സമരക്കാരെ വെടിവെച്ചു കൊല്ലാൻ ആഹ്വാനം ചെയ്ത ടി.ജി. മോഹൻദാസിനെതിരെ ഇതുവരെ ഒരു കേസും എടുക്കാൻ തയ്യാറായിട്ടില്ല. സമാധാനപരമായി സമരം ചെയ്യുന്നവർക്കെതിരെ ലാത്തിയെടുക്കുന്ന പോലീസ്, പരസ്യമായി കൊലവിളി നടത്തുന്ന സംഘപരിവാർ നേതാക്കൾക്ക് മുന്നിൽ മുട്ടുമടക്കുന്നത് കേരളത്തിന് അപമാനമാണ്.
ആർഎസ്എസിനെ പ്രീണിപ്പിക്കാൻ വേണ്ടി പോലീസ് സേനയെയും നിയമവ്യവസ്ഥയെയും നോക്കുകുത്തിയാക്കുന്ന സംസ്ഥാന സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ല. ജനാധിപത്യപരമായി പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ ഉടൻ പിൻവലിക്കണം. അതോടൊപ്പം, കലാപാഹ്വാനം നടത്തിയതിന് അടിയന്തരമായി കേസെടുത്ത് നിയമനടപടി സ്വീകരിക്കാനും യുഡിഎഫ് സർക്കാർ തയ്യാറാകണം'പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്കിൽ കുറിച്ചു.











